Sunday, July 17, 2011

അന്നത്തെ ലോകം ഒന്ന് ചിക്കി നോക്കുമ്പോള്‍ !

എന്തായാലും ബ്ലോഗ്‌ ഒന്ന് തുടങ്ങി വച്ചേക്കാം !! കാലം പോകുന്തോറും ഓര്മ ശക്തിയും കുറഞ്ഞു വരുമല്ലോ.. അത് കൊണ്ട് ഇനി ഇടയ്ക്കിടയ്ക്ക് എന്തെകിലും ഇവിടെ ചേര്‍ക്കാം എന്ന് കരുതുന്നു ..

നിനച്ചിരിക്കാതെ വന്ന സാമ്പത്തിക പ്രതിസന്ധി ( ആഗോളമല്ല, എന്റെ മാത്രം ) ഒന്ന് പിടിച്ചു കുടഞ്ഞപ്പോഴാനു ധനികയുമായ സുഹൃത്തിനോട്‌ കുറച്ചു പൈസക്ക് അപേക്ഷിക്കാമെന്ന് കരുതിയത്‌ .. ആ സംസാരം നീണ്ടപ്പോള്‍ പഴയ കാലത്ത് നെല്ല് ഉണക്കുന്നതിനെ പറ്റി അല്പം ഒന്ന് പുള്ളിക്കാരി സൂചിപ്പിച്ചു അതിങ്ങനെ

" കുട്ടിക്കാലത്ത് നെല്ലുണക്കാനിടുമ്പോള്‍ കാക്കയെ നോക്കാന്‍ ഇരിക്കുമായിരുന്നു . ഇടയ്ക്കിടയ്ക്ക് കാല്‍ ഉപയോഗിച്ച് നെല്ല് ഇളക്കിയിടുമായിരുന്നു "

കാല്‍ ഉപയോഗിച്ച് നെല്ല് 'ചിക്കു'മായിരുന്നു എന്നാണ് ഉദ്ദേശിച്ചതെന്നു എനിക്ക് മനസ്സിലായി , പക്ഷെ ചെറുപ്പമാണെങ്കിലും ഓര്മ ശക്തി നഷ്ടപെടുന്ന പ്രായം ആയിട്ടില്ലെങ്കിലും 'ചിക്കുക' എന്നാ പദം അവരും മറന്നു പോയി :-) .യഥാര്‍ത്ഥത്തില്‍ നമ്മുടെ കുട്ടിക്കാലത്ത് കണ്ട ലോകമല്ലല്ലോ ഇന്ന് . അന്നത്തെ ജീവിത രീതിയും അല്ല ഇന്നുള്ളത് . പണ്ടത്തെ സമ്പ്രദായങ്ങളും മാറിപ്പോയി . കൃഷി തന്നെ ഇന്ന് ആരും ചെയ്യുന്നില്ല . അതോടൊപ്പം കൃഷിയെ സംബന്ധിച്ച് ഉപയോഗിച്ച് വന്ന എല്ലാ വാക്കുകളും നിത്യോപയോഗത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു . ഒന്ന് ചിന്തിച്ചാല്‍ അതതു കാലത്തെ സംസ്കാരവും ഭാഷയും തമ്മില്‍ വല്ലാതെ പൊരുത്തപ്പെട്ടു കിടക്കുന്നത് കാണാം .. ഭാഷാ പഠനം ശരിക്കും രസകരം തന്നെ .

അപ്പൊ, പറഞ്ഞു വന്നത് നെല്ല് "ചിക്കു"ന്നതിനെ കുറിച്ചാണ് .. പണ്ട് നെല്ല് ചിക്കാന്‍ ഞങ്ങളുടെ വീട്ടില്‍ " ചിക്കപ്പായ" ഉണ്ടായിരുന്നു . സാധാരണ തഴ പായകളില്‍ നിന്നും വ്യത്യസ്തമായി ചിക്കപ്പായ കട്ടയുള്ള ഇഴകലുള്ളതും ഘനമുള്ളതും ആയിരുന്നു .. ചിക്കപ്പായയെപ്പട്ടു പറഞ്ഞപ്പോഴാണ് 'മൂടപ്പായയെ' പറ്റി ഓര്മ വന്നത് .

നെല്ലിനെപറ്റി പറയുമ്പോള്‍ 'കതിരിനെ' പ്പറ്റി പറയാതിരിക്കാന്‍ പറ്റില്ല , കതിര് മാത്രമല്ല , "പതിരും " നെല്ലിന്റെ കൂടെ തന്നെ കാണും .. പഴം ചൊല്ലില്‍ പതിരില്ല എന്നത് തന്നെ ഒരു പഴംചൊല്ലാണ് .കതിരില്‍ വളം വച്ചിട്ട് കാര്യമില്ല എന്നും ചൊല്ലുണ്ട് !

അന്ന് കൂലി 'വല്ലി' ആണ് . 'ഞാറു' , 'കറ്റ' തുടങ്ങിയവ ഇന്ഷ്ടം പോലെ കാണാം . "അരിവാള്‍" ഇല്ലെങ്കില്‍ വിളവെടുപ്പ് ഇല്ല . "വട്ടി"യില്‍ ആണ് നെല്ല് കൂലി .

ഞാറു നടുന്നതിന് മുന്‍പ് നിലം "ഉഴവണം" (പൂട്ടണം എന്നും പറയും ) , അതിനു "കലപ്പ " വേണം . ഞാറു പറിച്ചു നടുമ്പോള്‍ ഞാറ്റു പാട്ടും ഒപ്പം കേള്‍ക്കാം ..

"കൊയ്ത്തു " കഴിഞ്ഞാല്‍ പിന്നെ "മെതി" ആണ് . "പറ" യിലാണ് അളവ് , "നാരായവും" ഉപയോഗിക്കാം , "നാഴി" , "ഇടങ്ങഴി" എന്നിവ പിന്നെയും ചെറിയ അളവുകള്‍ . "ഉരി" പാല് കുടിച്ചാണ് കുട്ടികള്‍ രാത്രി കിടക്കരുള്ളത് . " ഒഴാക്കു "പാല് ചായക്കെടുക്കാം . "ആഴക്കും" ആകാം "കാല്‍" "അണ"യുടെ കാലംയിരുന്നില്ലേ അത് ..?

അരി ഇടിച്ചാല്‍ പൊടിയും പിന്നെ "തവിടും" ആണ് . തവിട് തിളപ്പിച്ച്‌ "കുറുക്കാ"ക്കിയാല്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കാന്‍ രുചിയാണ് . "ശര്‍ക്കര"യും ഉപയോഗിക്കാം

ഭരണിയില്‍ ആണ് അച്ചാര് ഇട്ടു വക്കാര് , മോരും സൂക്ഷിക്കുന്നത് ഭരണിയില്‍ തന്നെ .മുറം ഉണ്ടെങ്കിലെ ചേറ്റാന്‍ പറ്റൂ! കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തരുതെന്നു നാടുകാര്‍ പറയും .

"ലോട്ട"യില്‍ ചായ കുടിക്കാം ,ഉമ്മറത്ത്‌ "മൊന്ത"യിലും "കിണ്ടി"യിലും വെള്ളം ഉണ്ടാകും . "കയില്‍ " ഉപയോഗിച്ചാണ് കഞ്ഞി "കല" ത്തില്‍ നിന്നും കോരി എടുത്തിരുന്നത് , "തവി"യും ഉപയോഗിക്കാം . "കരണ്ടി " ആണ് മറ്റൊരു ഉപകരണം . "മുട്ടിപ്പലക" ഉപയോഗിച്ചാല്‍ നിലത്തിരിക്കേണ്ടി വരില്ല . പിഞ്ഞാണത്തില്‍ ആണ് കറി. കൂടുതല്‍ കഴിച്ചു ചര്ടിച്ചാല്‍ കോളാമ്പി വേണ്ടി വരും ..!

ചീനചട്ടിയില്‍ വറുക്കുന്നത്‌ എളുപ്പം ആണ് .. മീന്‍ കറിക്ക് രുചി വേണമെങ്കില്‍ മണചട്ടി തന്നെ വേണം . ദോശ ച്ചുടുന്നതാകട്ടെ ദോശ കല്ലിലാണ് .അമ്മിക്കല്ലില്ലെങ്കില്‍ അരക്കാനും പറ്റില്ല !.അമ്മ കിടക്കും മകള്‍ ഉരുളും എന്നത് കടം കഥ ! ചട്ടിയും കലവുമായാ മുട്ടിയും തട്ടിയും ഇരിക്കുമെന്ന് പഴമക്കാര് .!ഒരുമയുണ്ടെങ്കില്‍ ഉലക്ക മേലും കിടക്കാമല്ലോ ..!

രാത്രിയായാല്‍ വെളിച്ചം വേണമെങ്കില്‍ "ചിമ്മിനി " വിളക്കും "രാന്തലും" വേണം.വെളിച്ചം ദുഖമാനുന്ണീ , തമസ്സല്ലോ സുഖപ്രദം എന്ന് തത്വശാസ്ത്രം .

"ചായ്പില്‍" സാധാരണ ആവശ്യമില്ലാത്ത സാധനംഗല്‍ ആയിരിക്കും , "ഇറക്കാലിക്കല്‍" നിന്നാല്‍ മഴ പെയ്യുന്നത് കാണാന്‍ നല്ല ഭംഗിയാ .."പാത്തി"യില്‍ നിന്നും വെള്ളം താഴേക്ക്‌ വീഴും . "ഓടിട്ട "വീടല്ലേ , "തട്ടു"ള്ള മുറിയില്‍ തണുപ്പരിയില്ല ."ത്ട്ടുമോളില്‍" മാവേലി ഉണ്ടെന്നാണ് അമ്മ പറഞ്ഞത് . പിന്നെ! തട്ട് മോളില്‍ "കണ്ടന്‍ പൂച്ചയും" "ചക്കിപ്പൂച്ചയുമാനെന്നു" എനിക്കറിയില്ലേ ..!പിന്നെ "കോക്കാനും" കാണും .!

വാതിലിന്റെ പിന്നില്‍ "സാക്ഷ" ഉണ്ട് . വാതിലിന്റെ മേലെ "നേരുപ്പടി" .. അത്നും മേലെ വീടിന്റെ "പട്ടികയും " "കഴുക്കോലും" "ഉത്തരവും" ആണ് . "മോന്തായം" താങ്ങുന്ന പല്ലിയും ഉണ്ട് .

കുടത്തില്‍ വെള്ളം നിറച്ചു വക്കാം , കുന്തം പോയാല്‍ കുടത്തിലും തപ്പണം അന്നാണ് പ്രമാണം .മണ്‍ കുടത്തില്‍ മോരും സംഭാരവും . മാട്ടം ഉണ്ടെങ്കില്‍ കുളത്തില്‍ നിന്നും വെള്ളം കോരി ചെടിക്ക് നനക്കാം , കൃഷി ആവശ്യത്തിനു വെള്ളം കോരാന്‍ തേക്കൊട്ട തന്നെ വേണം ! ആണിയും ചാലുമുള്ള പറമ്പിലെ തേക്കൊട്ട കൊണ്ട് കാര്യമുള്ളൂ !കൈക്കോട്ടും തൂമ്പയും ഇല്ലാതെ എന്ത് ചെയ്യും .

ഇടവപ്പാതി വന്നാല്‍ തിരുവാതിര ഞാറ്റെല (ഞാറ്റു വേല ) ആണ് . മഴ ഒഴിഞ്ഞ സമയം ഇല്ല . അത്തം വെളുത്താ ഓണം കരുക്കുത്രേ ! ശിവ ! ശിവ !

"പിച്ചാത്തി" കൊണ്ട് മുറിവ് പറ്റിയാല്‍ തെങ്ങിന്റെ "പൊറ്റ" ഉപയോഗിച്ചാല്‍ മതി .പിശ്ശാന്കത്തി കൊണ്ടും മുറിയാം . വെട്ടു കത്തി ഇല്ലെങ്കില്‍ "അടുപ്പില്‍ " വക്കാന്‍ വിറകു എങ്ങനെ ഉണ്ടാക്കും ? ചമ്രം പടിഞ്ഞാണ് ഭക്ഷണം കഴിക്കേണ്ടത്‌ കേട്ടോ .

അന്ന് ഷര്‍ട്ടില്ല കുപ്പായമേ ഉള്ളൂ . ഷോര്ട്സ് ഇല്ല നിക്കര്‍ ഉണ്ട് . ആണ്‍ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് ട്രൌസര്‍ ധരിച്ചാണ് . പെണ്‍കുട്ടികള്‍ പാവാട ആണ് ധരിച്ചിരുന്നത് . സ്കര്‍ട്ട് കണ്ടിട്ടേ ഇല്ല .മുതിര്‍ന്ന സ്ത്രീകള്‍ ജാക്കറ്റ് ധരിച്ചിരുന്നു ടോപ്‌ എന്താണെന്നൊരു പിടിയും ഇല്ല . മുക്കുത്തി ഇട്ടാല്‍ ശരിക്കും ഒരു അന്തസ്സ് തന്നെ .

അന്ന് ഓണ പരീക്ഷയാണ് ഉള്ളത് , മിഡ് ടെര്‍മ് എക്സാം ഇല്ല തന്നെ ! കൊല്ല പരീക്ഷ കഴിഞ്ഞാല്‍ പിന്നെ സ്കൂള്‍ പൂട്ടും .പിന്നെ രണ്ടു മാസം എവിടെ എങ്കിലും വിരുന്നിനു പോകാം .വിദ്യാധനം സര്‍വ ധനാല്‍ പ്രധാനം എന്ന് മാഷ്‌ .

അമ്മായിയും എളെമയും മേമയുമൊക്കെ (ഇളയമ്മ )പേരക്ക പൊട്ടിച്ചു തരും .. ആന്റി ഇല്ലായിരുന്നു . വീട്ടില്‍ കാര്ന്നോര്മാര്‍ കാലന്‍കുടയുമായി നടക്കുന്ന കാലമായിരുന്നെ !മൂത്ത നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കുമെന്നാണ് . ഒരുപാട് കൂട്ടുകാര്‍ ഉണ്ടായിരുന്നു പക്ഷെ ഫ്രന്റ്സ് ഒട്ടും ഇല്ല.. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടത്രേ !!

ശരി ,ഉറങ്ങാന്‍ ഉള്ള സമയം ആയി . ആ വിളക്കു ഊതി കെടുത്തിക്കോ .. ( ഓഫ്‌ ചെയ്യാന്‍ ഇവിടെ സ്വിച് ഇല്ലല്ലോ !!)


[ ഇപ്പോള്‍ പെട്ടെന്ന് എഴുതിയതാണ് ഒറ്റയടിക്ക് . കൂടുതല്‍ ഐറ്റംസ് പിന്നീട് ചേര്‍ക്കാം . :-) ]

അടുത്തത് : നമ്മള്‍ മറന്നു പോയ പക്ഷികള്‍

1 comment:

വെള്ളരി പ്രാവ് said...

ഇനി എന്തുണ്ട് ആ ആവനാഴിയില്‍?ചിരിച്ചൂട്ടോ..കുറെയേറെ...പിന്നെയെന്താന്നറിഞ്ഞില്ല..സങ്കടായി.. ഒരു വേള ഇന്നലകളെല്ലാം ഒരു പെരുമഴപോലെ തിരിച്ചു വന്ന്തൊടിയിലും..ചായിപ്പിലും ഒളിച്ചു കളിച്ചു...കന്നിമഴയുടെ ആവേശ തിമര്‍പ്പ് .... മഴത്തുള്ളികിലുക്കം പോലെ കുപ്പിവളകള്‍ വീണുടഞ്ഞു....ഓര്‍മ്മയും.